ഇറാനിൽ നിരോധിച്ച ലൈലാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ

Spread the love

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി പ്രമേയമാക്കി സയീദ് റുസ്‌തായി രചനയും സംവിധാനവും നിർവഹിച്ച ലൈലാസ് ബ്രദേഴ്സ് രാജ്യാന്തര മേളയുടെ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാൻ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപിച്ച ചിത്രത്തിന് ഫിപ്രസി , സിറ്റിസൺഷിപ്പ് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു . തുടർന്ന് ഇറാനിയൻ സർക്കാർ നിരോധിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
മാതാപിതാക്കൾക്കും നാല് സഹോദരന്മാർക്കുമായി ജീവിതം മാറ്റിവച്ച ലൈല എന്ന 40 കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സാധാരണക്കാരന്റെ നേർചിത്രം കൂടിയാണ് ചിത്രം വരച്ചു കാട്ടുന്നത്. അസ്ഗർ ഫർഹാദി സിനിമകളിലൂടെ ശ്രദ്ധേയയായ തരാനെ അലിദൂസ്‌തിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൈലയെ അവതരിപ്പിച്ചിരിക്കുന്നത്.

Author