റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

Spread the love

കലോത്സവങ്ങളിൽ പങ്കാളിത്തത്തിന് പ്രാധാന്യം നൽകണം: മന്ത്രി വി. അബ്ദുറഹിമാൻ
തിരൂര്‍ ആതിഥേയത്വം വഹിച്ച 33-മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിന് വർണാഭമായ പരിസമാപ്തി. നവംബർ 28ന് തിരിതെളിഞ്ഞ കൗമാര കലോത്സവം അഞ്ചു ദിനങ്ങളായി തിരൂർ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ, കെഎച്ച്എംഎംഎസ് ആലത്തിയൂർ, പരിസരത്തുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായാണ് നടന്നത്. പ്രധാന വേദിയായ തിരൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിൽ മത്സരങ്ങള്‍ അരങ്ങേറി. 17 ഉപജില്ലകളിൽ നിന്നായി 9560 മത്സരാർത്ഥികളും 309 മൽസരങ്ങളും അരങ്ങേറി. കോവിഡിന് ശേഷം മലപ്പുറത്ത് നടന്ന ആദ്യ ജില്ലാതല കലോത്സവമായിരുന്നു തിരൂരിലേത്.

കലോത്സവങ്ങളിൽ വിജയികളാവുക എന്നതിനേക്കാൾ പങ്കെടുക്കാൻ അവസം ലഭിക്കുക എന്നതാണ് വിദ്യാർത്ഥി ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരൂരിൽ നടന്ന 33-മത് റവന്യു ജില്ലാ കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് സാഹചര്യത്തെ തുടർന്ന് നഷ്ടമായ കലാമേളകളെ വീണ്ടെടുക്കുന്നതായിരുന്നു ഇത്തവണത്തെ ജില്ലാ കലോത്സവം. സംസ്ഥാന തല മത്സരങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രൊഫഷണൽ രീതികൾ അവലംബിച്ചത് മേളയെ മികവുറ്റതാക്കിയെന്നും മന്ത്രി പറഞ്ഞു. 30 വർഷങ്ങൾക്ക് മുൻപ് ഇതേ സ്കൂളിൽ കലോത്സവത്തിൽ പങ്കെടുത്ത് മികച്ച നാടക നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ കാര്യവും മന്ത്രി സദസിനോട് പങ്കുവെച്ചു.

Author