ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച സ്ഥാപനമാണ് ശ്രീചിത്ര – ഡോ.ശശിതരൂര്‍

Spread the love

തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച സ്ഥാപനമാണ് ശ്രീചിത്രയെന്ന് ഡോ.ശശിതരൂര്‍ എംപി. കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിനോട് ആവശ്യപ്പെട്ട് ശ്രീചിത്രയുടെ വികസനത്തിനായി പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീചിത്രയിലെ നോണ്‍ അക്കാഡമിക്ക് എംപ്ലോയീസ് അസോസിയേഷന്‍ (എന്‍എഇഎ) നാല്‍പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം ശ്രീചിത്രയിലെ അച്യുതമേനോന്‍ സെന്റര്‍ സ്വസ്തി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാല്‍പത്തിയഞ്ച് വര്‍ഷക്കാലമായി സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയെ ശശി തരൂര്‍ അഭിനന്ദിച്ചു. ശ്രീചിത്രയെ ഇന്ത്യയ്ക്ക് അകത്തും പുറത്തും മഹത്തായ സ്ഥാപനമായി മാറ്റണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രീചിത്രയോട് അനാസ്ഥ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഴയ പ്രൗഢിയില്‍ സ്ഥാപനത്തെ തിരികെ കൊണ്ടുവരണമെന്നും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കണമെന്നും ശ്രീചിത്രയെ രാജ്യത്തെ പ്രധാനപ്പെട്ട റിസര്‍ച്ച് സെന്ററാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്ഥലം എംപി കൂടിയായ ശശിതരൂരിന് സംഘടനയുടെ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി സംഘടനയുടെ വിശദമായ നിവേദനം സമര്‍പ്പിച്ചു. സംഘടന എംപ്ലോയീസ് സൊസൈറ്റിയുടെ ആദ്യകാല സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോടിനെയും ചടങ്ങില്‍ ആദരിച്ചു.

സംഘടനയുടെ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി, കെ.എസ്.ഗോപകുമാര്‍, ഉള്ളൂര്‍ മുരളി, ജോണ്‍സണ്‍ ജോസഫ്, നജീബ് ബഷീര്‍, മണ്ണാമ്മൂല രാജന്‍, തോമസ്.ഡി, ബിജു ബെഞ്ചമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചയ്ക്കുശേഷം നടന്ന കുടുംബസംഗമം സ്ഥാപക സെക്രട്ടറി എസ്.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.

Thampanoor Ravi

Author