വിജയപ്രതീക്ഷയുമായി ഡോ.മാത്യു വൈരമൺ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു – ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ നിറസാന്നിധ്യമായ ഡോ.അഡ്വ. മാത്യു വൈരമൺ സ്റ്റാഫോർഡ് സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നു. പൊസിഷൻ നമ്പർ 6 ലാണ് അദ്ദേഹത്തിന്റെ മത്സരം. സിറ്റിയിലെ എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് സിറ്റി അറ്റ് ലാർജിലാണ് നടക്കുന്നത്.

നാമ നിർദ്ദേശ പത്രിക സമർപ്പിച്ചവരിൽ ഒരാൾ പിന്മാറിയാതോടെ മാത്യു വൈരമണ്ണും ടിം വുഡും തമ്മിൽ നേരിട്ടാണ് മത്സരം നടക്കുന്നത്. മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന്റെ ഒഴിവിൽ വന്ന കൗൺസിൽ സീറ്റിലാണ് മാത്യു വൈരമൺ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരാളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഏഷ്യൻ വംശജർ തിങ്ങിപ്പാർക്കുന്ന സിറ്റിയിൽ തന്റെ വിജയത്തിൽ വൻ പ്രതീക്ഷയാണുള്ളതെന്നു വൈരമൺ പറഞ്ഞു. മെയ് ആറാം തീയതിയാണ് തിരഞ്ഞെടുപ്പ്.

സ്റ്റാഫ്‌ഫോർഡ് സിറ്റിയിലെ സീറോ പ്രോപ്പർട്ടി ടാക്സ് നിലനിർത്തുക, സിറ്റിയിലെ ഡ്രൈനേജ് സിസ്റ്റം നവീകരിക്കുക, സിറ്റിയിലെ എല്ലാ വകുപ്പുകളും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നു ഉറപ്പു വരുത്തുക, സിറ്റിയുടെ സൗന്ദര്യവല്കരണത്തിനു ഊന്നൽ നൽകുക, സിറ്റിക്ക് ഉന്നത നിലവാരത്തിലുള്ള സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, സ്റ്റാഫോർഡ് മുനിസിപ്പൽ സ്കൂൾ ഡിസ്ട്രിക്ടിനു പൂർണ പിന്തുണ നൽകി കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ വിപുലപ്പെടുത്തുക, സിറ്റിയുടെ പദ്ധതികളുടെ നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിന് പിന്തുണ നൽകുക, സ്റ്റാഫോർഡ് സിറ്റിക്ക് കൂടുതൽ വരുമാനം ലഭിക്കത്തക്കവണ്ണം കൂടുതൽ ബിസിനസ് സംരംഭങ്ങൾ ആരംഭിയ്ക്കുകയും ഇപ്പോൾ ഉള്ള ബിസിനെസ്സ് സംരംഭങ്ങൾക്ക് പ്രോത്സാഹനം നല്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കൌൺസിൽ മെമ്പർ എന്ന പരിധിക്കുള്ളിൽ നിന്ന് കൊണ്ട് തനിക്കു ചെയ്യുവാൻ സാധിക്കുമെന്ന് വൈരമൺ പറഞ്ഞു

ടെക്സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകൻ, അറ്റോർണി, സാഹിത്യകാരൻ, കവി. ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നതോടൊപ്പം ഹൂസ്റ്റണിലെ ആത്മീയ,സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. അഡ്മിനിസ്ട്രേഷൻ ഓഫ് ജസ്റ്റിസിൽ ടെക്സാസ് സതേൺ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി യും, ക്രിമിനൽ ജസ്റ്റിസിൽ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ഡൌൺ ടൗണിൽ നിന്നും എംഎസ്‌ ഡിഗ്രിയും കരസ്ഥമാക്കിയ ഇദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽബി യും കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിമിനൽ ലോയിൽ എൽഎൽഎം ഡിഗ്രിയിൽ രണ്ടാം റാങ്കോടെയും പാസായി.

ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സെർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ കോഴ്സും പൂർത്തീകരിച്ചു. ഇന്ത്യയിൽ അഡ്വക്കേറ്റായിരുന്ന ഇദ്ദേഹം ലൂസിയാന സ്റ്റേറ്റിൽ നിന്നും അറ്റോർണി അറ്റ് ലോ ലൈസൻസും നേടി. ഏഴു പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്റ്റാഫോർഡ് സിറ്റി പ്ളാനിങ് ബോർഡ് ആൻഡ് സോണിംഗ് കമ്മീഷണർ, പ്രോമിനേഡ് ഹോം ഓണേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം, കേരള റൈറ്റേർസ് ഫോറം പ്രസിഡണ്ട്, കുണ്ടറ അസോസിയേഷൻ സ്ഥാപക സെക്രട്ടറി , ബൈബിൾ ലിറ്ററേച്ചർ ഫോറം സ്ഥാപക സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിയ്ക്കുന്നു. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) വൈസ് പ്രസിഡണ്ട്, പിആർഓ, വേൾഡ് മലയാളി കൌൺസിൽ ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട്, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, ഫോമയുടെ ബൈലോ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കുണ്ടറ വൈരമൺ കുടുംബാംഗമാണ് മാത്യു വൈരമൺ. ഭാര്യ റോസമ്മ മാത്യു റാന്നി നെടുംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ നിവിനും ഗോഡ്വിനും.

ജോലിയോടൊപ്പം ആത്‌മീയ പ്രവർത്തനങ്ങളിലും വ്യാപൃതനായ വൈരമൺ ചില രാഷ്ട്രീയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മാത്യു വൈരമണിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം തന്റെ വിജയത്തിനു വേണ്ടി മലയാളി, ഇന്ത്യൻ സമൂഹത്തിലെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തുന്നത് തനിക്ക് ആവേശവും ഊർജ്ജവും നല്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

 

Leave Comment