തീരപ്രദേശത്ത് ആശുപത്രി നിർമ്മിക്കാൻ ടൈറ്റാനിയം 25 സെന്റ് സ്ഥലം വിട്ടു നൽകും

Spread the love

ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽനിന്ന് രണ്ടാംഘട്ട ധനസഹായം 1.20 കോടി കൈമാറി.

തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിർമിക്കാനായി ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (ടി.ടി.പി.എൽ) 25 സെൻറ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു ആശുപത്രി. ടി.ടി.പി.എല്ലിന്റെ സ്ഥലം ആശുപത്രി നിർമാണത്തിന് വിട്ടുനൽകുന്നത് സംബന്ധിച്ച ഫയൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ടൈറ്റാനിയം ക്ഷേമനിധി ഫണ്ടിൽ നിന്നുള്ള രണ്ടാംഘട്ട ധനസഹായമായ 1.20 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.

ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് എല്ലാവരും ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടി സംബന്ധിച്ചു. പദ്ധതി രേഖ വ്യവസായ മന്ത്രി എ.ഡി.എം അനിൽ ജോസിന് നൽകി പ്രകാശനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ജോർജ് ഗോമസ്, ഫാദർ ജെറാൾഡ് ദാസൻ, ഫാദർ സനു ഔസേപ്പ്, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സറാഫിൻ ഫ്രെഡ്ഡി, കോസ്റ്റൽ അപ് ലിഫ്റ്റ് അസോസിയേഷൻ സെക്രട്ടറി ലഡ്കർ ബാവ, ടി.ടി.പി.എൽ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് നൈനാൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 1995 ലാണ് കണ്ണാന്തുറ, വെട്ടുകാട്, കൊച്ചുവേളി തീരപ്രദേശത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള സാമൂഹിക പ്രതിബദ്ധത എന്ന നിലയിൽ സഹായം നൽകാനായി ട്രാവൻകൂർ ടൈറ്റാനിയം ക്ഷേമനിധി ഫണ്ട് രൂപീകരിച്ചത്. 2016 ൽ ആദ്യഘട്ടമായി ഒമ്പത് ലക്ഷം രൂപ വീതം മൂന്ന് പ്രാദേശിക സമിതികൾക്കും വിതരണം ചെയ്തിരുന്നു.

Author