പ്രകൃതിക്ഷോഭം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കും

Spread the love

post

കൊല്ലം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നിയമാനുസൃതമായ ധനസഹായം നല്‍കുന്നതിനടക്കം  നടപടികള്‍   സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പ്രകൃതിക്ഷോഭ സാഹചര്യം അവലോകനം ചെയ്യാന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെയും ദുരന്തബാധിത മേഖലകളുടെയും വിവരങ്ങളും ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളും കലക്ടര്‍ യോഗത്തില്‍ അവതരിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലയിലെത്തിയ എന്‍. ഡി. ആര്‍. എഫ് സംഘം സജ്ജമാണ്, പ്രശ്നബാധിത മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കടലാക്രമണം ശക്തമായ ഇരവിപുരം, താന്നി മേഖലകള്‍ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി, കലക്ടര്‍ അറിയിച്ചു.

കടല്‍ഭിത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും എ. എം. ആരിഫ് എം. പി. നിര്‍ദേശിച്ചു. മണ്‍ട്രോതുരുത്ത് മേഖലയില്‍ പ്രകൃതിക്ഷോഭം തടയുന്നതിനാവശ്യമായ അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ സന്ദേശം വ്യാപകമാക്കണമെന്നുമുള്ള നിര്‍ദേശമാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി. നല്‍കിയത്. പ്രകൃതിക്ഷോഭമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ഏകോപിപ്പിക്കണമെന്നും തടസരഹിത ഓക്സിജന്‍ വിതരണം അടക്കമുള്ള കോവിഡ് പ്രതിരോധം കാര്യക്ഷമമാക്കണമെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.

കാലാവര്‍ഷാരംഭം കൂടി കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. അഭിപ്രായപ്പെട്ടു. ഇരവിപുരം, താന്നി മേഖലയിലെ നിലവിലെ സാഹചര്യവും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും എം. നൗഷാദ് എം. എല്‍. എ യോഗത്തില്‍ അറിയിച്ചു. നിയുക്ത എം. എല്‍. എമാരായ കെ. എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, സി. ആര്‍. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *