എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം;പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന് പൊതുസമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ആണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥന.
വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനയുടെ പൂർണ രൂപം –
ബഹുമാന്യരേ
സംസ്ഥാനത്തെ സാമൂഹിക- രാഷ്ട്രീയ- കലാ-തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ,അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, നാടിന്റെ തുടിപ്പുകൾ ആയ യുവജനങ്ങൾ തുടങ്ങിയവർ അടങ്ങുന്ന പൊതുസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഞാനിതെഴുതുന്നത്. കോവിഡ് – 19 മഹാമാരി മറ്റ് മേഖലകളെ ബാധിച്ച പോലെ വിദ്യാഭ്യാസമേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാടിന്റെ ഭാവി തലമുറയുടെ വൈജ്ഞാനിക – മാനസിക അഭിവൃദ്ധിക്കായി നാം ഏവരും കൈകോർക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നത്. കോവിഡ് – 19 മൂലം കുട്ടികൾക്ക് ക്ലാസിൽ എത്തിപ്പെടാനാവാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകൾ ആണ് ആശ്രയം. കൈറ്റ് വിക്ടേഴ്‌സിലൂടെ നൽകുന്ന ക്ലാസിന്റെ തുടർച്ചയായി വിദ്യാർഥികളും അധ്യാപകരും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ലാസുകളിലേക്ക് കടക്കാൻ ആണ് ഉദ്ദേശിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളുടെ ഭാഗമാകാൻ ഏറെ ശ്രദ്ധയും കരുതലും നാം പുലർത്തേണ്ടതുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും പഠനം മുടങ്ങരുത് എന്ന് നിർബന്ധമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ഉള്ള ഡിജിറ്റൽ /ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. സ്കൂൾതലത്തിൽ തന്നെ ഇവ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.  പഠനസഹായികൾ(മുൻഗണന -ടാബ്, ലാപ്ടോപ്, മൊബൈൽ ) ഇല്ലാത്ത കുട്ടികൾക്ക് അവ പ്രാപ്യമാക്കേണ്ടതുണ്ട്.
ഈ വിഷയത്തെ അഭിസംബോധന ചെയ്യാനും പരിഹരിക്കാനും സ്കൂൾതല സഹായ സമിതികൾ രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പൊതു സമൂഹം എന്ന നിലയിൽ നമ്മൾ ഏവരും വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇതിനായി ഓരോരുത്തരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. ഭാവി തലമുറക്കായി നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
വിവരങ്ങൾക്കും സഹായം എത്തിക്കുന്നതിനും ജില്ലാ തലങ്ങളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർമാരേയും സംസ്ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേയും ബന്ധപ്പെടാവുന്നതാണ്.
 സ്നേഹത്തോടെ
 വി ശിവൻകുട്ടി
Leave Comment