പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐ.സി.യു. സംവിധാനങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. കോവിഡ്, ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി രോഗികള്‍ക്കായാണ് മൂന്നു കിടക്കകള്‍ ഉള്‍പ്പെടുന്ന പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്. ആദ്യത്തെ 10 രോഗികള്‍ക്ക് സൗജന്യമായി ഡിസ്‌പോസിബിള്‍ ഡയലൈസര്‍ നല്‍കുന്ന പദ്ധതിക്കും തുടക്കമായി.

പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ആശുപത്രിയിലെ ലാബിന്റെ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട് രണ്ടു കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന രണ്ട് ഇന്റഗ്രേറ്റഡ് ബ്ലഡ് അനലൈസര്‍ യൂണിറ്റുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ചടങ്ങില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ പ്രതിനിധികള്‍ രണ്ടു വെന്റിലേറ്ററുകള്‍ ഹോസ്പിറ്റലിന് കൈമാറി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി.പി. ഉണ്ണികൃഷ്ണന്‍, മുന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത രഞ്ജന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി. ദിനേശന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷ, ആശുത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment