വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ നിസ്സാരവല്‍ക്കരിക്കരുത്: ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യംവെയ്ക്കുന്ന ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷിതന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകളുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലെ കൈകടത്തലിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ പലതവണ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചു. ക്രൈസ്തവ സഭ ഭീകരവാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പു നല്‍കുമ്പോള്‍ മതേതരത്വമെന്നും പറയുന്നത് വിരോധാഭാസമാണ്. മയക്കുമരുന്നിന്റെ മറവിലുള്ള ഭീകരവാദത്തെക്കുറിച്ച് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാഭ്യാസമേഖലയിലെ തീവ്രവാദത്തിനെതിരെ സിപിഎം പുറത്തിറക്കിയിരിക്കുന്ന രേഖകളുംകുറിപ്പുകളും. യുഡിഎഫ് നേതൃത്വവും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ അടവുനയവും വര്‍ഗീയ പ്രീണനവും ഒഴിവാക്കി പൊതുസമൂഹത്തിനു മുമ്പാകെ നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. മയക്കുമരുന്നിന്റെയും രാസലഹരിയുടെയും താവളങ്ങളായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഒരിക്കലും വിട്ടുകൊടുക്കരുത്.

ഓരോ വര്‍ഷവും നഷ്ടപ്പെടുന്ന കേരളത്തിലെ യുവതികളുടെയും കുട്ടികളുടെയും കണക്കുകള്‍ ഉയരുന്നത് ചോദ്യചിഹ്നമാണ്. ഏറെ ആസൂത്രിതമായ ദീര്‍ഘകാല അജണ്ടകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു. സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിച്ച് ചില പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇക്കൂട്ടര്‍ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകള്‍ മാത്രം.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നതവദ്യാഭ്യാസമേഖലയിലെ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷനുവേണ്ടി ഒരിക്കലുമില്ലാത്ത കുതിച്ചുചാട്ടമാണ് 2021-22 ലെന്ന് കേരള യൂണിവേഴ്‌സിറ്റിയുടേതായി 2021 ഓഗസ്റ്റ് 6 ന് മാധ്യങ്ങളില്‍വന്ന കുറിപ്പില്‍ പറയുന്നു. ലഭിച്ച 24044 ആപ്ലിക്കേഷനുകള്‍ പ്രധാനമായും ഇറാന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. കേരളത്തില്‍ നിന്നും കുട്ടികള്‍ വിദേശത്തേയ്ക്കും ഇതര സംസ്ഥാനങ്ങളിലേയ്ക്കും ഉപരിപഠനത്തിനു പോകുമ്പോള്‍ കേരളത്തിലേയ്ക്ക് ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രങ്ങളായ രാജ്യങ്ങളില്‍ നിന്ന് ഉപരിപഠനത്തിന് എത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വിലയിരുത്തപ്പെടണം. കാശ്മീരില്‍ നിന്നും കേരളത്തിലെ കോളജുകളില്‍ പഠിക്കുവാന്‍ എത്തിയിരിക്കുന്നവരെയും നിരീക്ഷണവിധേയരാക്കേണ്ടതുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിര്‍ണ്ണായക പങ്കാളിത്തവും ഉന്നതനിലവാരവും പുലര്‍ത്തുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ വരുംനാളുകളില്‍ ഈ തലങ്ങളില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ലെന്നും ഏറെ മുന്‍കരുതലോടെ നീങ്ങണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Chevalier Adv V C Sebastian*
Secretary, Council for Laity
Catholic Bishops’ Conference of  India (CBCI)
New Delhi

Author

Leave a Reply

Your email address will not be published. Required fields are marked *