കാതോലിക്കാ സ്ഥാനത്തേക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് വീണ്ടും

Spread the love

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍ 14ന് ഒരുമണിക്ക് ചേരും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയാണ് സഭാ മാനേജിങ് കമ്മിറ്റി നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. മറ്റു നാമനിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ അസോസിയേഷന്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കും.

Picture

സഭയുടെ ഏറ്റവും വലിയ ജനാധിപത്യസമിതി വിഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളിക്കുന്നത് ഇതാദ്യമാണ്. വിദേശ രാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട വൈദികരും അല്‍മായരും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും ഉള്‍പ്പെടെ 4007 ആളുകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.

കോവിഡ് കാരണം പള്ളി പ്രതിപുരുഷന്മാര്‍ക്ക് ഒരേ സ്ഥലത്ത് ഒരുമിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഭദ്രാസനങ്ങളില്‍ തയാറാക്കുന്ന കേന്ദ്രങ്ങളില്‍ സമ്മേളിച്ച് ഒരേ സമയം യോഗത്തില്‍ സംബന്ധിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.

30 ഭദ്രാസനങ്ങളിലെ 50 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ഈ സംവിധാനം. യോഗത്തിന്റെ മുഖ്യവരണാധികാരിയായി ഫാ. ഡോ. അലക്‌സാണ്ടര്‍ ജെ.കുര്യനെ നിയമിച്ചിട്ടുണ്ട്. 13ന് 2.30ന് അസോസിയേഷന്‍ നഗറില്‍, അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റും സീനിയര്‍ മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. 3ന് സഭാ മാനേജിങ് കമ്മിറ്റി യോഗം ചേരും.

14നു രാവിലെ 9 മുതല്‍ 12 വരെ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അസോസിയേഷന്‍ പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ പരുമലയിലും മറ്റു പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ഭദ്രാസന അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന കേന്ദ്രങ്ങളിലും നടക്കും. റജിസ്‌ട്രേഷനും ഉച്ചഭക്ഷണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞ് പ്രതിനിധികള്‍ യോഗാരംഭത്തിന് 30 മിനിറ്റ് മുന്‍പ് യോഗ ഹാളുകളില്‍ പ്രവേശിച്ച് യഥാസ്ഥാനങ്ങളില്‍ ഇരിക്കേണ്ടതാണ്. ഓരോ കേന്ദ്രത്തിലും പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കും.

പരുമലയിലെ അസോസിയേഷന്‍ നഗറില്‍ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് പങ്കെടുക്കേണ്ടത്. ഉച്ചയ്ക്ക് 12.30ന് പരുമല പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം മെത്രാപ്പൊലീത്തമാരെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *