പിണറായിഭരണം കെഎസ്ആര്‍ടിസിയെ തകര്‍ത്തു – തമ്പാനൂര്‍ രവി

ശമ്പളവും പെന്‍ഷനും ഉടന്‍ നല്‍കണമെന്ന് തമ്പാനൂര്‍ രവി.

നല്ലനിലയില്‍ പ്രവര്‍ത്തിച്ച കെഎസ്ആര്‍ടിസിയെ പിണറായി ഭരണം തകര്‍ത്തെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി.

ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ വികലവും കോര്‍പ്പറേറ്റ് പരിഷ്‌ക്കരണത്തിന്റെയും രക്തസാക്ഷിയാണിന്ന് കെഎസ്ആര്‍ടിസി. നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 17 ആയിട്ടും നല്‍കിയിട്ടില്ല. സാധരണ ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന ഗതാഗതമേഖല പോലുള്ള സ്ഥാപനത്തില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനാണ്.

ആസ്തികളും വസ്തുക്കളും ആരുമറിയാതെ കൈമാറ്റം ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടമാണിവിടെ നടക്കുന്നത്. തലസ്ഥാനത്തെ നിരവധി റൂട്ടുകളില്‍ ബസ്സില്ലാതെ യാത്രക്കാര്‍ വലയുമ്പോഴാണ് ആര്‍ക്കോ വേണ്ടി 68 ആഡംബരബസ്സുകള്‍ യാത്രക്കാരില്ലാതെ കറങ്ങിത്തിരിയുന്നത്.15 ദിവസത്തിനകം ഒരു കോടി നഷ്ടം ഈ സര്‍വ്വീസുകള്‍ വരുത്തിക്കഴിഞ്ഞു. ബസ്സോടിച്ച് വരുമാനമുണ്ടാക്കുകയെന്ന പൊതുഗതാഗതലക്ഷ്യം മറന്ന് കള്ളു ഷാപ്പ് നടത്താനും, ചവറു വാരാനും,കാരവാന്‍ ഓടിക്കാനും,കാലിത്തീറ്റ വില്‍ക്കാനും, തട്ടുകട നടത്താനുമാണിവര്‍ ശ്രമിക്കുന്നത്.

ശബരിമലതീര്‍ത്ഥാടനകാലത്തെ വരുമാനവര്‍ദ്ധനയുണ്ടായിട്ടും അതൊക്കെ വഴിമാറ്റി ചെലവാക്കി ശമ്പളം പോലും മുടക്കുന്നത് ശമ്പളപരിഷ്‌ക്കരണകരാര്‍ അട്ടിമറിക്കാനാണ്. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയെന്ന് പ്രഖ്യാപിച്ചവര്‍ കെഎസ്ആര്‍ടിസിയില്‍ ഒരു മാസം കഴിഞ്ഞിട്ടും ചെയ്ത ജോലിക്കുള്ള കൂലി (ശമ്പളം) ഇതുവരെ നല്‍കിയിട്ടില്ല. ഇനിയും ശമ്പളം വൈകിപ്പിച്ച് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടരുത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് യൂണിയന്‍ കത്തു നല്‍കിയിട്ടുണ്ടെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കി കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്നു പറഞ്ഞവരാണ് പിണറായി സര്‍ക്കാര്‍. കടം ഏറ്റെടുക്കുമെന്ന് പ്രകടനപത്രികയിലുറപ്പു നല്‍കിയ ഒന്നാം പിണറായി സര്‍ക്കാര്‍ 2130 കോടി കടം 4320 കോടിയാക്കി.ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുമെന്ന് പ്രകടനപത്രികയിലുറപ്പു നല്‍കി അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാര്‍ തുടക്കം മുതല്‍ ഇതു രണ്ടും മുടക്കുകയാണ്.യുഡിഎഫ് കാലത്ത് 5400 ഷെഡ്യൂളും 30 ലക്ഷം യാത്രക്കാരും 6 കോടി പ്രതിദിനവരുമാനവുമുണ്ടായിരുന്ന കോര്‍പ്പറേഷനില്‍ ഇന്നോടുന്നത് 3200 ഷെഡ്യൂളും 20 ലക്ഷം യാത്രക്കാരും 4 കോടി വരുമാനവുമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ 4000 ബസ്സിറക്കുമെന്ന് ബഡ്ജറ്റില്‍ പറഞ്ഞവര്‍ വാങ്ങിയത് 110 ബസുകള്‍ മാത്രമാണ്. നല്ലനിലയില്‍ ഓടിക്കൊണ്ടിരുന്നതുള്‍പ്പെടെ 2885 ബസ്സുകളാണ് മാറ്റിക്കൂട്ടിയിട്ട് നശിപ്പിച്ചതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

സ്വകാര്യമേഖലയെ സഹായിക്കാനെന്നു പറഞ്ഞ് വാടകവണ്ടിയെടുക്കുമെന്നിപ്പോള്‍ പറയുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പതിനായിരത്തോളം പേരെ പിരിച്ചുവിടുകയും ജോലിസമയം 12 മണിക്കൂര്‍ ആക്കുകയും ചെയ്തു.കെഎസ്ആര്‍ടിസിയ തകര്‍ക്കാന്‍ രൂപം കൊടുത്ത സ്വതന്ത്രസ്വിഫ്റ്റ് കമ്പനിയെ ബഹു: ഹൈക്കോടതി തടഞ്ഞിരിക്കുകയാണെന്നും തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി.

 

Leave Comment