ഇ-സമൃദ്ധ പദ്ധതി മൃഗ സംരക്ഷണത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Spread the love

മൃഗസംരക്ഷണ വകുപ്പിന്റെ പൂര്‍ണ്ണമായ ഡിജിറ്റല്‍വത്ക്കരണം ലക്ഷ്യംവെച്ച് ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ പാല്‍ ഉല്‍പ്പാദന ശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വര്‍ദ്ധിപ്പിക്കാനും കന്നുകാലികളില്‍ രോഗ നിര്‍ണയം നടത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനുമാകുമെന്ന് മൃഗ സംരക്ഷണം – ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ഭാഗമായി അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിറ്റി ഫിക്കേഷന്‍ ഡിവൈസ് (ആര്‍.എഫ്.ഐ.ഡി) മൃഗങ്ങളുടെ ചെവിക്കു താഴെ ഘടിപ്പിക്കും. ഇപ്രകാരം ടാഗു ചെയ്ത മൃഗങ്ങളുടെ ഉത്പാദനശേഷിയും ആരോഗ്യവും ഉടമസ്ഥരുടെ വിവരങ്ങളും ഉള്‍പ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് ഇ-സമൃദ്ധ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതി വഴി ലഭ്യമായ 7.2 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പത്തനംതിട്ടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എഴുപത്തി അയ്യായിരത്തോളം കന്നുകാലികളെ ചിപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ ടാഗ് ചെയ്ത ഡാറ്റാബേസ് നിര്‍മ്മിക്കും. കാര്‍ഡ് റീഡറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് ടാഗ് ചെയ്ത ഓരോ മൃഗത്തിന്റേയും വിശദാംശങ്ങള്‍ കര്‍ഷകര്‍ക്കും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഡിജിറ്റലായി ലഭ്യമാകും. ഇതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടപ്പെടുത്തുന്നതിനും പുതിയതും സങ്കീര്‍ണവുമായ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉല്‍പ്പാദനശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ള കന്നുകാലികളെ കണ്ടെത്തി കൃത്രിമ ബീജസങ്കലനത്തിലൂടെ പാല്‍ ഉത്പാദനം കൂട്ടി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.

സംസ്ഥാനത്ത് ഓരോ ബ്ലോക്കിലും വെറ്ററിനറി ആംബുലന്‍സ് സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മാസത്തോടെ പത്തനംതിട്ട ജില്ലയിലെ എല്ലാ കന്നുകാലികളുടെയും ടാഗിംഗ് പൂര്‍ത്തിയാക്കി വിവരശേഖരണം ആരംഭിക്കും. കേരളത്തിലാകെയുള്ള 67 ലക്ഷം മൃഗങ്ങളെയും കന്നുകാലികളെയും ഡാറ്റാബേസ് ഇത്തരത്തില്‍ തയ്യാറാക്കും.

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ എ.കൗശികനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥും ഇ-സമ്യദ്ധ പദ്ധതിയുടെ ധാരണാപത്രം കൈമാറി. പദ്ധതിയുടെ ഭാഗമായ ഡാറ്റാബേസും മൊബൈല്‍ ആപ്പും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍മ്മിക്കും. വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളും സന്നിഹിതയായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *