മാലിന്യത്തെ പടിക്ക് പുറത്താക്കാന്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്

Spread the love

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനം ഊർജ്ജിതമാക്കി കാസർഗോഡ് കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണത്തിനും ശുചിത്വ പരിപാലനത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കുന്നതിനൊപ്പം ബോധവത്കരണത്തിനും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
മെയ് 15നകം പഞ്ചായത്തിലെ വീടുകളിലും പൊതുസ്ഥങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വലിച്ചെറിയല്‍ മുക്ത മാലിന്യ മുക്ത പഞ്ചായത്തായി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അമ്പലത്തറ മുതല്‍ മുട്ടിച്ചരല്‍ വരെ സംസ്ഥാന പാതയുടെ ഇരുവശവും വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിച്ച് മാലിന്യമുക്തമാക്കി കഴിഞ്ഞു.
നിരവധി വര്‍ഷങ്ങളായി മാലിന്യങ്ങള്‍ സ്ഥിരമായി വലിച്ചെറിയുന്ന ഗുരുപുരം, മുട്ടിച്ചരല്‍ വളവുകളില്‍ വാഹനയാത്രക്കാര്‍ക്കു പോലും മൂക്കുപൊത്തി മാത്രമേ യാത്ര ചെയ്യാന്‍ കഴിയുള്ളു. ഇതില്‍ മാറ്റം വരുത്തുന്നതിനു വേണ്ടിയാണ് വാര്‍ഡു സമിതിയുടെയും ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തില്‍ രണ്ടു ഘട്ടമായി മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്തത്. തുടര്‍ന്നും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനും തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും.
ഏപ്രില്‍ ഏഴിനകം പഞ്ചായത്തിലെ 50 പൊതുസ്ഥാപനങ്ങള്‍ ഹരിതചട്ടം പാലിക്കുന്ന മാതൃകാസ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഏപ്രില്‍ ഏഴുവരെ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണം നടത്തും. വീടുകളില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തും.