ലൂസി കളപ്പുര പുറത്തുതന്നെ ; തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പ്രതികരണം

ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവച്ചു. തന്നെ പുറത്താക്കിയ സന്യാസിസഭയുടെ നടപടിക്കെതിരെ ലൂസി വത്തിക്കാനില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. വത്തിക്കാനിലെ വൈദീക കോടതിയായ അപ്പസ്‌തോലിക് സെന്യൂരയാണ് അപ്പില്‍ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത കോടതിയാണ് അപ്പോസ്‌തോലിക് സെന്യൂര.
സഭയുടെ നിയമങ്ങളും സന്യാസ ചട്ടങ്ങളും ലംഘിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു ലൂസി കളപ്പുരയെ സന്യാസിനി സമൂഹത്തില്‍ നിന്നും പുറത്താക്കിയത്. ഇത് പിന്നീ്ട് വത്തിക്കാനും അംഗീകരിച്ചിരുന്നു. ഈ തീരുമാനത്തിനതിരെയായിരുന്നു ലൂസി കോടതിയെ സമീപിച്ചത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെന്നായിരുന്നു ലൂസി കളപ്പുരയുടെ പ്രതികരണം.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് തനിക്ക് വത്തിക്കാനില്‍ നിന്നും കത്ത് ലഭിച്ചിരുന്നതായി ലൂസി കളപ്പുര സ്ഥിരീകരിച്ചു. എന്നാല്‍ തന്റെ വക്കീല്‍ കേസ് സമര്‍പ്പിക്കുകയോ വിചാരണയില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിനുമുമ്പുള്ള കത്താണ് ഇതെന്നും അവര്‍ പറഞ്ഞു. തന്റെ അപ്പീല്‍ തള്ളിയതായി അഭിഭാഷകനില്‍ നിന്നും ഇതുവരെ അറിവൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണിതെന്നും ഇരയും പരാതിക്കാരിയുമായ തന്നെ കേള്‍ക്കാതെയാണ് ഈ തീരുമാനമെന്നും ഒരാഴ്ചയ്ക്കകം മഠത്തില്‍ നിന്നും പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. അടുത്ത നടപടികളെക്കുറിച്ച് തന്നോടൊപ്പം നില്‍ക്കുന്നവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
EM
Leave Comment