ഫാ. ബാബു മഠത്തില്‍പറമ്പിലിന് യാത്രാമംഗളങ്ങള്‍

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ ഏഴു വര്‍ഷക്കാലം ത്യാഗോജ്വലമായ സേവനം അനുഷ്ഠിച്ചശേഷം ഫിലഡല്‍ഫിയ സെന്റ് ജൂഡ് മലങ്കര കാത്തലിക് ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഫാ. ബാബു മഠത്തില്‍പറമ്പിലിന് ഷിക്കാഗോ സമൂഹം സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായും, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, പഴശിരാജ കോളജ് ബര്‍സാര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ബാബു അച്ചന്‍ 2014-ലാണ് ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയായി ചാര്‍ജെടുത്തത്. മലങ്കര കത്തോലിക്കാ ഇടവക വികാരി എന്നതിലപ്പുറം ചിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലും, എക്യൂമെനിക്കല്‍ മേഖലകളിലും ബാബു അച്ചന്‍ നിറസാന്നിധ്യമായിരുന്നു.

സെപ്റ്റംബര്‍ 26-നു മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം .യാത്രയയപ്പ് സമ്മേളനം നടന്നു. തദവസരത്തില്‍ ഇടവക സെക്രട്ടറി സിബി ദാനിയേല്‍ ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫാ. ഹാം ജോസഫ്, ഫാ. ആന്റണി തുണ്ടത്തില്‍ എന്നിവര്‍ ഭാവുകങ്ങള്‍ നേര്‍ന്ന് സംസാരിച്ചു.

ഇടവകയുടെ പ്രതിനിധികളായി മുന്‍ സെക്രട്ടറിമാരായ ബെഞ്ചമിന്‍ തോമസ്, മിനോയി വര്‍ഗീസ്, മുന്‍ ട്രസ്റ്റി ബിനു ഏബ്രഹാം, ജമനി പ്ലാമൂട്ടില്‍ (യുവജന പ്രതിനിധി), സുജ സ്റ്റാന്‍ലി (മദേഴ്‌സ് ഫോറം), എയ്ഡന്‍ വര്‍ഗീസ് (സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥി), ജോര്‍ജ് പ്ലാമൂട്ടില്‍, വിന്‍സെന്റ് ചന്ദ്രബോസ് (മെയിന്റനന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ ബാബു അച്ചന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

ഇടവകയുടെ പാരിതോഷികം രഞ്ജന്‍ ഏബ്രഹാമും, മദേഴ്‌സ് ഫോറത്തിന്റെ പാരിതോഷികം അസികാ വിന്‍സെന്റും അച്ചന് സമ്മാനിച്ചു.

ഷിക്കാഗോയിലെ മറ്റ് സമൂഹങ്ങളെ പ്രതിനിധീകരിച്ച് ജസി റിന്‍സി ബാബു അച്ചനെ അനുമോദിക്കുകയും ഭാവുകങ്ങള്‍ നേരുകയും ചെയ്തു.

അച്ചന്റെ മറുപടി പ്രസംഗത്തില്‍ തനിക്ക് ലഭിച്ച എല്ലാ നന്മകള്‍ക്കും ദൈവത്തിന് നന്ദി പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷക്കാലം തനിക്ക് ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദിയും സ്‌നേഹവും അറിയിച്ചു.

സമ്മേളത്തില്‍ സംബന്ധിച്ച ഏവര്‍ക്കും ട്രഷറര്‍ രഞ്ജന്‍ ഏബ്രഹാം നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു. ലിയാന സാജന്‍ ആയിരുന്നു സമ്മേളനത്തിന്റെ എം.സി.

Leave a Reply

Your email address will not be published. Required fields are marked *